Saturday, January 3, 2009

മിന്നാമിനുങ്ങായ്‌

പകരുവാന്‍ വര്‍ണങ്ങള്‍ ഉണ്ടെന്‍ കൈയ്യില്‍
പകര്‍ത്തുവാന്‍ കടലാസും ഉണ്ടെന്‍ കൈയ്യില്‍
പക്ഷെ, പതിയുന്നില്ലൊരു ചിത്രം പോലും, നിറഞ്ഞു
നില്‍ക്കുന്നോരെന്‍ മനസ്സിലെ ചിത്രങ്ങളൊന്നും.
കഴിവില്ല എനിക്കതൊന്നും പകര്‍ത്തുവാന്‍,
എനിക്ക് സ്വന്തമായാതൊന്നുകൊണ്ടു മാത്രം.
എരിഞ്ഞടങ്ങട്ടെ എന്റെ ഉള്ളിലെയാ വിതുമ്പുന്ന തേങ്ങലുകള്‍.
തേങ്ങുന്ന മനസ്സിന്റെ ഇടനാഴിയില്‍ ഒരു മിന്നാമിനുങ്ങായ്
തൂകുന്നതാരോ പാലൊളി പുഞ്ചിരി
പ്രകാശത്തിന്‍ വര്‍ണധാരയായ് അപരിചിതമാം
ഒരു മുഖം കാണുന്നു ഞാനെന്‍ മനസ്സിന്റെ ഇരുണ്ട ഇടനാഴിയില്‍
തുറന്നതെങ്ങിനെ നീ ആ ഇരുതാഴിട്ടു പൂട്ടിയോരാ കനത്ത വാതിലുകള്‍
ഒരു കുളിര്‍കാറ്റിന്റെ സ്പന്ദനം പോലും ഭയന്നിരുന്നുവാ വാതില്‍പഴുതിലൂടെത്തിനോക്കുവാന്‍
ഇരുണ്ടോരെന്‍ മനസ്സിന്റെ ഇടനാഴി വാതില്‍ക്കല്‍
ചിലപ്പോഴെല്ലാം മുട്ടിയിരുന്നു, ആ കറുത്ത വാവിന്‍ കരങ്ങള്‍.
നരിച്ചീറുകള്‍ ചിറകടിക്കുമെന്‍ ഇടനാഴിതന്‍ വാതില്‍ തള്ളി
തുറക്കുവാന്‍ ശ്രമിച്ചിട്ടില്ല ആ കറുത്ത കരങ്ങള്‍.
പിന്നെ എങ്ങിനെ ഈ ലാഘവത്തോടെ തുറന്നു നീ എന്‍
ഉള്ളില്‍ കയറിയതീ മിന്നാമിനുങ്ങായ്